ചുമതലകളും സേവനങ്ങളും

കെ.എസ്.എ.ഡി യുടെ കര്‍ത്തവ്യങ്ങള്‍


കേരള സര്‍ക്കാരിന്റെ ഭരണ നിര്‍വ്വഹണത്തില്‍പ്പെടുന്നതോ, സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുന്നതോ ആയ സ്ഥാപനങ്ങളുടെ നിര്‍വ്വഹണ ഉത്തരവാദിത്തം പരിശോധിച്ച് ഉറപ്പ് വരുത്താനുള്ള അധികാരങ്ങളും ഉത്തരവാദിത്തങ്ങളും ആക്റ്റ് പ്രകാരം കെ.എസ്.എ.ഡി യില്‍ നിക്ഷിപ്തമാക്കിയിട്ടുള്ളതാണ്. ഓഡിറ്റ് നിര്‍വഹണ രീതി, ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ രൂപം, ഉള്ളടക്കം, ചാര്‍ജ്ജ്, സര്‍ചാര്‍ജ്ജ് എന്നീ കാര്യങ്ങളുടെ നടപടി ക്രമങ്ങളും ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആക്ടിലെ 4(1) & 4(2) വകുപ്പുപ്രകാരം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വരവു ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യേണ്ടത് കെ.എസ്.എ.ഡി ഡയറക്ടറാണ്. ഇതിനു പുറമെ, കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന സര്‍ക്കാര്‍ വിജ്ഞാപനം, മറ്റു നിയമങ്ങള്‍/ചട്ടങ്ങള്‍, ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയുടെ ഉത്തരവുകള്‍ എന്നിവ പ്രകാരം കെ.എസ്.എ.ഡി യുടെ ഓഡിറ്റ് നിര്‍വഹണപരിധിയില്‍ വരുന്ന സ്ഥാപനങ്ങളുടേയും ഓഡിറ്റ് കെ.എസ്.എ.ഡി. ചെയ്യേണ്ടതാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം അംഗീകരിക്കല്‍/ അവസാനശമ്പളം സാക്ഷ്യപ്പെടുത്തല്‍; മുനിസിപ്പാലിറ്റികള്‍, വികസന അതോറിറ്റികള്‍, കോര്‍പ്പറേഷനുകള്‍, ദേവസ്വം ബോര്‍ഡുകള്‍, ഹിന്ദു റിലീജിയസ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, കേരള സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ്, കേരളാ മെഡിക്കല്‍ കൗണ്‍സില്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവയിലെ ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ സൂക്ഷ്മ പരിശോധന, സാക്ഷ്യപ്പെടുത്തല്‍ എന്നിവയും കെ.എസ്.എ.ഡി കൈകാര്യം ചെയ്യുന്നു. കേരള സംസ്ഥാനത്തെ ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ഫണ്ടുകളുടെ ഖജാന്‍ജിയായും കെ.എസ്.എ.ഡി ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നു.

വകുപ്പിന്റെ പ്രാഥമിക ചുമതലകള്‍ ഇപ്രകാരമാണ്.


1. ആക്റ്റ് അനുസരിച്ച് കെ.എസ്.എ.ഡി യുടെ ഓഡിറ്റ് നിയന്ത്രണത്തില്‍ വരുന്ന സ്ഥാപനങ്ങളുടെ കണക്കുകളുടെ പരിശോധനയും ഓഡിറ്റു റിപ്പോര്‍ട്ടു തയ്യാറാക്കി നല്‍കലും.
2. വിവിധ ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ഫണ്ടുകളുടെ ട്രഷറര്‍ എന്ന നിലയിലുള്ള ഭരണനിര്‍വഹണം.
3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും, സംസ്ഥാന സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ഈ വകുപ്പിനെ ഏല്‍പ്പിക്കുന്ന ഇതര സ്ഥാപനങ്ങളുടെയും ധനപരമായ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങളും അഭിപ്രായങ്ങള്‍ നല്‍കലും.
4. കേരള സംസ്ഥാന ഓഡിറ്റു വകുപ്പ് ഡയറക്ടര്‍ ഓഡിറ്റു ചെയ്ത, മുന്‍ വര്‍ഷത്തെ കണക്കുകളുടെ ഓഡിറ്റ് നിരീക്ഷണങ്ങളും, സാരമായ ക്രമക്കേടുകളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുന്നതിനായി സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് ലഭിച്ച് മൂന്നുമാസത്തിനകം പൊതു പരിശോധനക്കായി നിയമസഭയില്‍ വയ്‌ക്കേണ്ടതാണ്്.
5. നഷ്ടങ്ങള്‍ക്ക് ഉത്തരവാദിയാണെന്ന് ഓഡിറ്റില്‍ കണ്ടെത്തുകയും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ ചാര്‍ജ്, സര്‍ചാര്‍ജ് നടപടികള്‍ സ്വീകരിക്കുക (ആക്റ്റിലെ 16-ാം വകുപ്പും ചട്ടങ്ങളിലെ 20-ാം ചട്ടവും)
6. ഗ്രാമ/ജില്ലാ പഞ്ചായത്ത്/മുനിസിപ്പാലിറ്റി ജീവനക്കാര്‍/സാംസ്‌കാരിക സ്ഥാപനങ്ങളിലെ ജീവനക്കാര്‍ /സര്‍വകലാശാലകള്‍/ദേവസ്വം ബോര്‍ഡുകള്‍/ ഹൗസിംഗ് ബോര്‍ഡ്, ലൈബ്രറി കൗണ്‍സില്‍ മുതലായ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പള നിര്‍ണയം അംഗീകരിക്കാനുള്ള അധികാരം
7. മുനിസിപ്പാലിറ്റികള്‍, ഹൗസിംഗ് ബോര്‍ഡ്, കേരള മെഡിക്കല്‍ കൗണ്‍സില്‍, സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, ദേവസ്വം ബോര്‍ഡ്, ലൈബ്രറി കൗണ്‍സില്‍ മുതലായ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ പരിശോധനയും ശുപാര്‍ശ ചെയ്യലും
8. ഗ്രാമ/ജില്ലാ പഞ്ചായത്ത് ജീവനക്കാരുടെ അവസാന ശമ്പളവും യോഗ്യസേവനക്കാലവും സാക്ഷ്യപ്പെടുത്തല്‍.

കെ.എസ്.എ.ഡി ഡയറക്ടറോ അദ്ദേഹത്തിന്റെ പ്രതിനിധിയോ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്.


1. നിയമവിരുദ്ധമാണെന്നു തോന്നുന്ന എല്ലാ പണമിടപാടുകളും.
2. ഏതെങ്കിലുമൊരു വ്യക്തിയുടെ ശ്രദ്ധക്കുറവുകൊണ്ടോ, പെരുമാറ്റ ദൂഷ്യം മൂലമോ വന്നുചേരാവുന്ന കുറവോ, നഷ്ടമായതോ ആയ തുക
3. പ്രാദേശിക ഫണ്ടിന്റെ ദുരുപയോഗവും അപഹരണവും.
4. ലഭിച്ചതും, ലഭിക്കേണ്ടതുമായ എല്ലാ വരുമാന ഇനങ്ങളും തുകകളും ഏതെങ്കിലും വ്യക്തി കണക്കില്‍ വരവു വെയ്ക്കാതിരിക്കല്‍.
5. കണക്കില്‍ കണ്ടെത്തിയേക്കാവുന്ന ഏതെങ്കിലും തരത്തിലുള്ള അനൗചിത്യമോ ക്രമക്കേടുകളോ.